ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ചൈന സന്ദർശനത്തിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും ഇന്ന് ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തും. അനൗപചാരിക ചർച്ചകൾക്കും വ്യക്തിപരമായ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ‘ടീ ഡിപ്ലോമസി’ മാതൃകയിലാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉക്രൈൻ യുദ്ധം, അമേരിക്ക-ചൈന ബന്ധം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ആഗോള വ്യാപാര സാഹചര്യം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങളാകുക. ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടന തുടങ്ങിയ വേദികളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ട്രംപിന്റെ ചൈന സന്ദർശനത്തിന് പിന്നാലെ നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യമാണുള്ളത്. അമേരിക്കയുമായുള്ള ബന്ധത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതിനിടെ ചൈന-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും ശ്രമമെന്നാണ് വിലയിരുത്തൽ.
പശ്ചിമരാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചിരുന്നു. ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ പുതിയ ധാരണകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

