തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും. ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കുമെന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാനാണ് സർക്കാരിന്റെ നിലവിലെ ആലോചന. എന്നാൽ ഏത് വിഭാഗം ബസുകളിലാണ് പദ്ധതി നടപ്പാക്കുക, എത്ര ദൂരം വരെ സൗജന്യ യാത്ര അനുവദിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇന്നത്തെ യോഗത്തിൽ ഇതുസംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് വിവരം. യു.ഡി.എഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചത്. സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
അതേസമയം, പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ യാത്രക്കാരെ വലിയ തോതിൽ കെഎസ്ആർടിസിയിലേക്ക് മാറ്റിയാൽ സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ഈ വിഷയത്തിലും സർക്കാർ സ്വകാര്യ ബസ് ഉടമകളുമായി പ്രത്യേക ചർച്ച നടത്തും.

