ബെയ്ജിങ്: ബഹിരാകാശത്ത് വളർത്തിയ നെല്ലിന്റെ ആദ്യ വിളവെടുപ്പ് വിജയകരമായി പൂർത്തിയാക്കി ചൈന. ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായി ഷെൻഷോ-23 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളാണ് നെല്ല് വിളവെടുത്തത്. മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ നെല്ലിന് വിത്തുമുതൽ വിത്തുവരെയുള്ള വളർച്ചാ ചക്രം പൂർത്തിയാക്കാൻ കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരീക്ഷണത്തിലൂടെ പഠിക്കുന്നത്.
ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ടിയാൻഗോങിലാണ് പരീക്ഷണം നടന്നത്. 2026 മേയ് 24ന് വിക്ഷേപിച്ച ഷെൻഷോ-23 ദൗത്യത്തിലൂടെയാണ് പരീക്ഷണത്തിനാവശ്യമായ വിത്തുകളും ഉപകരണങ്ങളും ബഹിരാകാശ നിലയത്തിലെത്തിച്ചത്.
പ്രത്യേകമായി രൂപകൽപ്പന ചെയ്ത ചെറിയ കൃഷി യൂണിറ്റിലാണ് നെല്ല് വളർത്തിയത്. സാധാരണ ഭൂമിയിലെ വിത്തുകൾക്കൊപ്പം മുമ്പ് ബഹിരാകാശത്ത് വളർത്തിയെടുത്ത നെല്ലിന്റെ പിൻതലമുറ വിത്തുകളും പരീക്ഷണത്തിൽ ഉൾപ്പെടുത്തി. മൈക്രോഗ്രാവിറ്റിയിൽ ചെടികളുടെ വളർച്ച, ജനിതക സ്ഥിരത, പരിസ്ഥിതിയോട് പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ തമ്മിൽ താരതമ്യം ചെയ്യുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം.

