ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 22 വർഷത്തിന് ശേഷം കിരീടം സ്വന്തമാക്കി ആഴ്സണൽ എഫ് സി . നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി എഫ്. സി. സമനില വഴങ്ങിയതോടെയാണ് ആഴ്‌സണലിന്റെ കിരീടനേട്ടം ഉറപ്പായത്. 2003-04 സീസണിൽ ‘ഇൻവിൻസിബിൾസ്’ നേട്ടത്തോടെ കിരീടം നേടിയ ശേഷമുള്ള ആദ്യ ലീഗ് വിജയമാണിത്. ഇതോടെ ഇംഗ്ലീഷ് ടോപ് ഫ്ലൈറ്റിൽ ആഴ്‌സണലിന്റെ ആകെ ലീഗ് കിരീടങ്ങൾ 14 ആയി. സ്പാനിഷ് പരിശീലകൻ മൈക്കിൾ ആർത്തെറ്റയുടെ കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും റണ്ണറപ്പായ ശേഷമാണ് ആഴ്‌സണൽ ഇത്തവണ കിരീടത്തിലേക്ക് എത്തിയത്.
സീസൺ മുഴുവൻ സ്ഥിരതയാർന്ന പ്രകടനവും ശക്തമായ പ്രതിരോധനിരയും ടീമിന്റെ വിജയത്തിൽ നിർണായകമായി. ബേൺലിക്കെതിരായ 1-0 ജയത്തോടെ ആഴ്‌സണൽ സമ്മർദ്ദം വർധിപ്പിച്ചിരുന്നപ്പോൾ, ബൗൺ മൗത്തിനെതിരെ സിറ്റി വിജയിക്കാനാകാതിരുന്നതാണ് കിരീടം ഗണ്ണേഴ്സിന് സമ്മാനിച്ചത്. ബുക്കായോ സാക്ക, ഡെക്കലൻഡ് റൈസ്, കൈ ഹാവേട്‌സ്, വില്യം എന്നിവരുടെ പ്രകടനം സീസണിൽ നിർണായകമായി.
കിരീടം ഉറപ്പായതോടെ എമിറേറ്റ്സ് സ്റ്റേഡിയത്തിലും ഉത്തര ലണ്ടനിലുമായി ആരാധകർ ആഘോഷത്തിൽ മുഴുകി. ഇതോടെ ഇംഗ്ലീഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി എഫ് സി യുടെ ആധിപത്യത്തിനും വിരാമമായി.

