ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഹോർമുസ് കടലിടുക്ക് വഴി വീണ്ടും എണ്ണയും ഊർജ ചരക്കുകളും കൊണ്ടുവരാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ നിർണായക സമുദ്രമാർഗം ഉപയോഗിച്ച് പുതിയ ചരക്ക് എത്തിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നത്.
സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ത്യൻ നാവികസേനയുടെ സുരക്ഷാനുമതിയും എണ്ണക്കമ്പനികളിൽ നിന്നുള്ള ചരക്കുകളും ലഭിക്കുന്ന മുറയ്ക്ക് പേർഷ്യൻ ഗൾഫിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നാണ് വിവരം.
ലോകത്തെ മൊത്തം എണ്ണഗതാഗതത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഫെബ്രുവരി അവസാനം ആരംഭിച്ച ഇറാൻ സംഘർഷത്തിന് പിന്നാലെ ഈ മേഖലയിലെ കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യ പോലുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങൾ കടുത്ത സമ്മർദ്ദം നേരിടുകയാണ്.
ഇതിനിടെ മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനായി ഇന്ത്യൻ നാവികസേന കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും വ്യോമനിരീക്ഷണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

