കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് കൊച്ചി സിറ്റി പൊലീസ്. സിനിമ-സീരിയൽ മേഖലയിലെ ചിലർക്കും കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
മുഖ്യപ്രതിയായ സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനവുമായി ചില താരങ്ങൾക്ക് ബന്ധമുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെയും ഡിജിറ്റൽ തെളിവുകളിലെയും വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ ആരുടെയും പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഫാഷൻ ഷോകളിലും മോഡലിംഗ് പരിപാടികളിലും അവസരം വാഗ്ദാനം ചെയ്ത് യുവതികളെ യുഎഇയിലേക്ക് കൊണ്ടുപോയെന്നാണ് പരാതി. അവിടെ ലഹരി നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പാസ്പോർട്ടും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തടങ്കലിൽ പാർപ്പിച്ചെന്നും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.
കേസിൽ ഇതുവരെ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ സിന്ധുവിനെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. മഞ്ജിമ, അലീന എബ്രഹാം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾ വിദേശത്തുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ യുവതികൾ പരാതിയുമായി മുന്നോട്ടുവരാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

