ഐഒഎസ് സാഗർ ദൗത്യം പൂർത്തിയാക്കി ഐഎൻഎസ് സുനയ്ന കൊച്ചിയിലെത്തി

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ബഹുരാഷ്ട്ര സമുദ്ര സഹകരണ ദൗത്യമായ ‘ഐഒഎസ് സാഗർ’ വിജയകരമായി പൂർത്തിയാക്കി ഐഎൻഎസ് സുനയ്ന കൊച്ചിയിലെത്തി. ദൗത്യത്തിന്റെ സമാപനത്തോടനുബന്ധിച്ച് കൊച്ചിയിൽ പ്രത്യേക ഫ്ലാഗ്-ഇൻ ചടങ്ങ് സംഘടിപ്പിച്ചു.

ഇന്ത്യയുടെ ‘സാഗർ’ (Security and Growth for All in the Region), ‘മഹാസാഗർ’ (Mutual and Holistic Advancement for Security and Growth Across Regions) ദർശനങ്ങളുടെ ഭാഗമായി നടപ്പാക്കിയ ദൗത്യത്തിൽ ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിലെ നാവികസേനാംഗങ്ങൾ പങ്കെടുത്തു. ബംഗ്ലാദേശ്, ഇൻഡോനേഷ്യ, കെനിയ, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, മ്യാൻമർ, സെഷെൽസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, തായ്‌ലൻഡ്, ടാൻസാനിയ, ടിമോർ-ലെസ്റ്റെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.

മാർച്ച് 16 മുതൽ 29 വരെ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ഹാർബർ ട്രെയിനിംഗ് ഘട്ടം നടന്നു. നാവിഗേഷൻ, ഫയർഫൈറ്റിംഗ്, സമുദ്രസുരക്ഷ, ബോർഡിംഗ് ഓപ്പറേഷൻസ്, ബ്രിഡ്ജ്മാൻഷിപ്പ് തുടങ്ങിയ മേഖലകളിൽ സംയുക്ത പരിശീലനം നൽകി. തുടർന്ന് ഏപ്രിൽ 2-ന് മുംബൈയിൽ നിന്ന് ദൗത്യത്തിന്റെ സമുദ്രഘട്ടം ആരംഭിച്ചു. ശ്രീലങ്ക, തായ്‌ലൻഡ്, ഇൻഡോനേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, മ്യാൻമർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങൾ സന്ദർശിച്ച ദൗത്യം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷാ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായിരുന്നു.

‘ഒന്ന് സമുദ്രം, ഒറ്റ ദൗത്യം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ഐഒഎസ് സാഗർ സംരംഭം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണ സുരക്ഷാ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവയ്പാണെന്ന് നാവികസേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *