കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി എ. പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. 20 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. പരോളിൽ പുറത്തിറങ്ങിയ പ്രതികൾ കാസർഗോഡിലെത്തി.
നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാംപ്രതി അശ്വൻ, പതിനഞ്ചാംപ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കും പരോൾ ലഭിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപാണ് കൂട്ടപരോൾ അനുവദിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
നേരത്തെയും കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2019 ഫെബ്രുവരി 17-നാണ് കാസർഗോഡ് പെരിയ കല്യോട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അന്വേഷണ കണ്ടെത്തൽ. കേസിൽ സിപിഎം പ്രവർത്തകരടക്കം 14 പേരെയാണ് സിബിഐ പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2025 ജനുവരിയിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും മറ്റ് നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചിരുന്നു.

