തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി വയോജന ക്ഷേേമത്തിനായി പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചു. വയോജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും വിവിധ ക്ഷേേമപദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ വകുപ്പിന്റെ പ്രധാന ചുമതലയെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ പത്രസമ്മേളനത്തിൽ ജപ്പാൻ മാതൃകയിൽ വയോജന വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനിടയുണ്ടെന്നാണ് സൂചന. നിലവിൽ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന വയോജന കമ്മീഷൻ, വയോമിത്രം ക്ലിനിക്കുകൾ, വയോരക്ഷ പദ്ധതി, വയോമധുരം പദ്ധതി, 14567 ഹെൽപ്‌ലൈൻ തുടങ്ങിയ സേവനങ്ങൾ പുതിയ വകുപ്പിന്റെ ഭാഗമായി ഏകോപിപ്പിക്കാനാണ് സാധ്യത. കേരളത്തിൽ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം വേഗത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകുപ്പ് രൂപീകരിച്ചത്.
2030ഓടെ സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 20 ശതമാനം പേർ 60 വയസിന് മുകളിലുള്ളവരായിരിക്കുമെന്നാണ് കണക്കുകൾ. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, നിയമപരിരക്ഷ, ഏകാന്തജീവിതം, കുടുംബപിന്തുണയുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചാണ് സർക്കാർ നീക്കം.

