മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്ത് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർദ്ധിപ്പിക്കാനുള്ള അന്തിമ തീരുമാനമുണ്ടായത്. വില വർദ്ധനവോടെ മിൽമ പാലിന്റെ ശരാശരി ലിറ്ററിന് വില 56 രൂപയായി ഉയരും. നിലവിൽ 26 രൂപയുള്ള 500 മില്ലി ലിറ്ററിന്റെ ഹോമോജനൈസ്ഡ് ടോൺഡ് പാൽ പാക്കറ്റിന് ഇനി മുതൽ 28 രൂപ നൽകേണ്ടി വരും.

വർദ്ധിപ്പിച്ച തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് ലഭ്യമാകുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. നാല് രൂപയിൽ 3.35 രൂപയും (83.75 ശതമാനം) കർഷകർക്ക് നേരിട്ട് ലഭിക്കും. ഇതോടെ കർഷകരിൽ നിന്നുള്ള പാൽ സംഭരണ വില ലിറ്ററിന് 40.04 രൂപയിൽ നിന്നും 43.39 രൂപയായി ഉയരും. ബാക്കി തുകയിൽ 25 പൈസ വീതം ക്ഷീരസംഘങ്ങൾക്കും ഏജന്റുമാർക്കും ലഭിക്കും. അവശേഷിക്കുന്ന തുക മിൽമയുടെ പ്രവർത്തനങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിനുമായി വിനിയോഗിക്കും.

വേനൽക്കാലത്തെ കടുത്ത വരൾച്ച, കാലിത്തീറ്റ വിലയിലുണ്ടായ വർദ്ധനവ്, ഉൽപ്പാദന-വിതരണ ചെലവുകളിലെ കുതിച്ചുചാട്ടം എന്നിവ മൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനാണ് ഈ വിലവർദ്ധനവെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. പാൽ വില വർദ്ധിക്കുന്നതോടെ വിപണിയിലുള്ള മിൽമയുടെ തൈര്, നെയ്, പേഡ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില ഉയർന്നേക്കും. പാൽ വില കൂട്ടാനുള്ള ശുപാർശയ്ക്ക് മുൻപ് തന്നെ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് പ്രഖ്യാപനം നീണ്ടുപോയത്

Leave a Reply

Your email address will not be published. Required fields are marked *