ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം: വെന്റിലേറ്ററിലായിരുന്ന രോഗി മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ വെന്റിലേറ്ററിലായിരുന്ന 60കാരി മരിച്ചു. സംഭവത്തിൽ രോഗികളുൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. ഹരിദ്വാർ റോഡിലെ പനേഷ്യ ആശുപത്രിയിലാണ് സംഭവം.

ഐസിയുവിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അപകടസമയത്ത് ഐസിയുവിൽ നിരവധി രോഗികൾ ചികിത്സയിലുണ്ടായിരുന്നു. വീരാവതി ദേവി എന്ന 60കാരിയാണ് മരിച്ചത്. കനത്ത പുകയും വാതക ചോർച്ചയും ഉണ്ടായ സാഹചര്യത്തിൽ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി രോഗികളെ ഒഴിപ്പിച്ചു.

ശ്വാസതടസ്സവും പുകശ്വസനവും മൂലം നിരവധി പേരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. രണ്ടര വയസുകാരിയും നവജാത ശിശുവും പരുക്കേറ്റവരിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് പോലീസുകാർക്കും ശ്വാസതടസ്സവും പൊള്ളലും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഗർവാൾ ഐജി രാജീവ് സ്വരൂപ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *