ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് 42 വിമാനങ്ങൾ നഷ്ടമായതായി റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിക്കിടെ അമേരിക്കയ്ക്ക് എഫ്-35 അടക്കമുള്ള 42 സൈനിക വിമാനങ്ങൾ നഷ്ടമായതായോ കേടുപാടുകൾ സംഭവിച്ചതായോ യു.എസ്. കോൺഗ്രസ് റിസർച്ച് സർവീസ് (CRS) റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിനിടെയാണ് നഷ്ടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

നഷ്ടപ്പെട്ടവയിൽ നാല് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ, ഒരു എഫ്-35എ ലൈറ്റ്നിംഗ് II, ഒരു എ-10 തണ്ടർബോൾട്ട് II, ഏഴ് കെസി-135 സ്‌ട്രാറ്റോ ടാങ്കർ വിമാനങ്ങൾ, ഒരു ഇ-3 സെൻട്രി അവാക്സ് വിമാനം, രണ്ട് എംസി-130ജെ കമാൻഡോ II വിമാനങ്ങൾ, ഒരു എച്ച്എച്ച്-60ഡബ്ല്യു ഹെലികോപ്റ്റർ, 24 എംക്യു-9 റീപ്പർ ഡ്രോണുകൾ, ഒരു എംക്യു-4സി ട്രൈറ്റൺ ഡ്രോൺ എന്നിവ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തിനും അനുബന്ധ സൈനിക നടപടികൾക്കും ഇതുവരെ ഏകദേശം 2900 കോടി ഡോളർ ചെലവായതായി പെന്റഗൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും പകരം സംവിധാനങ്ങൾ ഒരുക്കുന്നതുമായ ചെലവുകളാണ് തുക ഉയരാൻ കാരണമായതെന്ന് യു.എസ്. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, വിമാനനഷ്ടങ്ങളുടെ കണക്ക് ഇനിയും മാറാനിടയുണ്ടെന്ന് സിആർഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രഹസ്യവിവരങ്ങളുടെ സ്വഭാവം, തുടരുന്ന സൈനിക നടപടികൾ, നഷ്ടങ്ങളുടെ സ്ഥിരീകരണം എന്നിവ കാരണം അന്തിമ കണക്ക് പിന്നീട് പരിഷ്‌കരിക്കപ്പെടാമെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *