വാഷിങ്ടൺ: അമേരിക്കയിലെ ബ്രിട്ടീഷ് എംബസിയിലെ ഡെപ്യൂട്ടി അംബാസഡറായ ജെയിംസ് റോസ്കോ സ്ഥാനമൊഴിഞ്ഞു. ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജിക്കുള്ള കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2022 മുതൽ വാഷിങ്ടണിലെ ബ്രിട്ടീഷ് എംബസിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനായി പ്രവർത്തിച്ചുവരികയായിരുന്നു റോസ്കോ. മുൻ അംബാസഡർ പീറ്റർ മാൻഡൽസൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഇടക്കാല ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളിൽ ബ്രിട്ടന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട രഹസ്യ ദേശീയ സുരക്ഷാ കൗൺസിൽ ചർച്ചകളുടെ വിവര ചോർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് റോസ്കോയുടെ പടിയിറക്കം ശ്രദ്ധേയമായത്. ഈ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്ന തരത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ സർക്കാരിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിനും ഇടയിൽ ഇറാൻ വിഷയത്തിൽ നിലനിൽക്കുന്ന നയപരമായ ഭിന്നതകളുടെ സമയത്താണ് ഈ സംഭവം.

