ടെഹ്‌റാൻ: അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ യുദ്ധം പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് (IRGC) പുറത്തിറക്കിയ പ്രസ്താവനയിലാണ് മുന്നറിയിപ്പ്. ഇറാനെതിരായ ഏത് പുതിയ ആക്രമണത്തിനും “അപ്രതീക്ഷിത മേഖലകളിൽ നിന്നുള്ള ശക്തമായ തിരിച്ചടി” ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണം പരിഗണിക്കാമെന്ന പരാമർശം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. നയതന്ത്രപരമായ പരിഹാരസാധ്യത നിലനിൽക്കുന്നതിനിടയിലും ആവശ്യമെങ്കിൽ കടുത്ത സൈനിക നടപടി സ്വീകരിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും നേരെ മുമ്പ് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.
ഖത്തർ, ബഹ്റൈൻ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു തിരിച്ചടി നടന്നത്. ഹോർമുസ് കടലിടുക്ക്, ആണവകരാർ, മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ ഭീഷണി ഉയർന്നിരിക്കുന്നത്. യുദ്ധം വ്യാപിക്കാനുള്ള സാധ്യത അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്നുവെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

