തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനായി ‘വിഷൻ 2031’ എന്ന പേരിൽ വിപുലമായ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വിവിധ വിഭാഗങ്ങളായി തിരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും അവ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി ജൂൺ ഒന്നുമുതൽ 100 ദിവസത്തെ കർമപരിപാടി ആരംഭിക്കും. വേഗത്തിൽ പരിഹരിക്കാനാകുന്ന വിഷയങ്ങൾ 100 ദിവസത്തിനകം തീർപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ അനാസ്ഥയെ തുടർന്ന് മരിച്ച കൊല്ലം ചവറ പന്മന സ്വദേശിയായ വേണുവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അനാസ്ഥ സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

