പുതിയ അതിവേഗ റെയിൽ പാതയ്ക്ക് പഠനം നടത്തുമെന്ന് സർക്കാർ

തിരുവനന്തപുരം: റദ്ദാക്കിയ സിൽവർലൈൻ പദ്ധതിക്കു പകരമായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരാത്തതും സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്തതുമായ പുതിയ അതിവേഗ റെയിൽ പാത സംബന്ധിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

അതിവേഗ പാതയ്ക്ക് യുഡിഎഫ് സർക്കാർ അനുകൂലമാണെന്നും പദ്ധതി സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക, പരിസ്ഥിതി പ്രശ്നങ്ങൾ വിലയിരുത്താതെയാണ് മുൻ ഇടതു സർക്കാർ സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ ഭൂപ്രകൃതി ചരിഞ്ഞുകിടക്കുന്നതാണെന്നും നിർദിഷ്ട സിൽവർലൈൻ പാതയിൽ ഏകദേശം 300 കിലോമീറ്റർ ഭാഗം 30 അടി ഉയരത്തിലൂടെയും 200 കിലോമീറ്റർ ഭാഗത്ത് 10 അടി ഉയരത്തിൽ മതിൽ നിർമിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പായിരുന്നെങ്കിൽ വലിയ പരിസ്ഥിതി ദുരന്തത്തിന് ഇടയാക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി ഉപേക്ഷിച്ചിട്ടും വിജ്ഞാപനങ്ങൾ റദ്ദാക്കാത്തതിനാൽ ഭൂമി വിൽക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ജനങ്ങൾ ബുദ്ധിമുട്ട് നേരിട്ടുവെന്നും കേന്ദ്രാനുമതിയും പദ്ധതിക്ക് ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വിദഗ്ധരെ നിയോഗിച്ച് യുഡിഎഫ് നേരത്തേ തന്നെ പഠനം നടത്തിയിരുന്നുവെന്നും വിവിധ കക്ഷികളും പ്രത്യേകം പഠനങ്ങൾ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ സാമ്പത്തികമായോ പരിസ്ഥിതിപരമായോ ബാധിക്കാത്ത പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *