‘പൂക്കി വീഡിയോ’: 1.4 കോടി കാഴ്ചക്കാരുമായി വീഡിയോ; ഫിജിന് മുഖ്യമന്ത്രിയുടെ ക്ഷണം

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുഖഭാവം ഉൾപ്പെടുത്തി തയ്യാറാക്കിയ ‘പൂക്കി വീഡിയോ’ സോഷ്യൽ മീഡിയയിൽ വൈറലായി. 1.4 കോടി കാഴ്ചക്കാരെയാണ് വീഡിയോ ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. വീഡിയോ തയ്യാറാക്കിയ മലപ്പുറം എടക്കര സ്വദേശിയായ 23കാരൻ ഫിജിനെ മുഖ്യമന്ത്രി കാണാൻ വിളിച്ചു.

എറണാകുളത്തെ ഒരു ഓൺലൈൻ ചാനലിൽ ജോലി ചെയ്യുന്ന ഫിജിൻ, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ചോദിച്ച ചോദ്യവും മുഖ്യമന്ത്രിയുടെ പ്രതികരണവുമാണ് വീഡിയോയുടെ ആധാരം. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പ്രതികരിച്ചതാണ് പിന്നീട് പാട്ട് ചേർത്ത് എഡിറ്റ് ചെയ്ത് ‘നീലക്കുയിൽ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഫിജിൻ പങ്കുവച്ചത്.

വീഡിയോ നിമിഷങ്ങൾക്കകം വൈറലായതോടെ വിവിധ ട്രോൾ പേജുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അത് ഏറ്റെടുത്തു. ‘പൂക്കികളുടെ മുഖ്യമന്ത്രി’ എന്ന പേരിലും വീഡിയോ പ്രചരിച്ചു. വീഡിയോ മുഖ്യമന്ത്രിയും കണ്ടു. കുട്ടികൾ ചോദിച്ച ചോദ്യത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് അതിൽ ഉണ്ടായതെന്നും അത് പോസിറ്റീവായി കണ്ടതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയെ നേരിൽ കാണാനാണ് താൻ തിരുവനന്തപുരത്ത് എത്തിയതെന്നും വീഡിയോ എടുക്കാനെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും ഫിജിൻ പറഞ്ഞു. വീഡിയോ വൈറലായതിനെ തുടർന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ളവർ തന്നെ ബന്ധപ്പെടുകയും മുഖ്യമന്ത്രിയെ കാണാൻ ക്ഷണിക്കുകയും ചെയ്തതായി ഫിജിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *