വാഷിങ്ടൺ: ക്യൂബയുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ അമേരിക്ക യു.എസ്.എസ്. നിമിറ്റ്സ് വിമാനവാഹിനിക്കപ്പലിനെയും അനുബന്ധ സ്ട്രൈക്ക് ഗ്രൂപ്പിനെയും കരീബിയൻ കടലിലേക്ക് വിന്യസിച്ചു. യു.എസ്. സതേൺ കമാൻഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യു.എസ്.എസ്. നിമിറ്റ്സിനൊപ്പം ഗൈഡഡ് മിസൈൽ ഡെസ്ട്രോയർ യു.എസ്.എസ്. ഗ്രിഡ്ലി, യു.എസ്.എൻ.എസ്. പാറ്റക്സെന്റ് ഉൾപ്പെടെയുള്ള കപ്പലുകളും സേനാവിഭാഗത്തോടൊപ്പമുണ്ട്. എഫ്/എ-18 സൂപ്പർ ഹോർണറ്റ് യുദ്ധവിമാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയും സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ്. ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ അമേരിക്ക കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സൈനിക വിന്യാസം ശക്തമാക്കിയത്. 1996ൽ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. അമേരിക്കയുടെ ഈ നീക്കം ക്യൂബയ്‌ക്കെതിരായ സമ്മർദ്ദനയത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇത് പൂർണ സൈനിക ഇടപെടലിനുള്ള തയ്യാറെടുപ്പല്ലെന്നും ശക്തിപ്രകടനം മാത്രമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ക്യൂബയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.

