ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ AI2802 വിമാനം എഞ്ചിനിൽ തീപിടിത്ത സൂചന ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഡൽഹിയിലേക്കുള്ള അന്തിമ സമീപനത്തിനിടെ കോക്പിറ്റിൽ ഒരു എഞ്ചിനിൽ തീപിടിത്തമുണ്ടെന്ന മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. തുടർന്ന് പൈലറ്റുമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നിശ്ചിത സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ട് വിമാനം സുരക്ഷിതമായി ഇറക്കിയതായി അധികൃതർ വ്യക്തമാക്കി.
വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ 29R-ലാണ് രാത്രി 9.30ഓടെ ഇറക്കിയത്. സംഭവത്തെ തുടർന്ന് റൺവേയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യാത്രക്കാരെ സാധാരണ രീതിയിൽ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതായും ആർക്കും പരിക്കുകളില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട വ്യോമയാന അധികാരികളുമായി ചേർന്ന് സമഗ്ര അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു.

