എബോള പ്രതിരോധത്തിന് സംസ്ഥാനത്ത് മുന്നൊരുക്കം ശക്തമാക്കും: ആരോഗ്യമന്ത്രി

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദ്രുതകർമ സമിതി (Rapid Response Team) യോഗം ചേർന്നു.

ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് യോഗം ചേർന്നതെന്ന് മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി, ക്ഷീണം, തലവേദന, പേശിവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

രോഗബാധിതരുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി 21 ദിവസം വരെ നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും രണ്ട് തുറമുഖങ്ങളിലും പരിശോധനയും ആവശ്യമായവർക്ക് ഐസൊലേഷൻ സൗകര്യത്തോടെയുള്ള തീവ്രപരിചരണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *