കേദാർനാഥ് യാത്രാമാർഗത്തിൽ മണ്ണിടിച്ചിൽ; പതിനായിരത്തിലധികം തീർഥാടകരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിലെ കേദാർനാഥ് യാത്രാമാർഗത്തിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങിയ പതിനായിരത്തിലധികം തീർഥാടകരെ രാത്രിയിലുടനീളം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത മഴയെ തുടർന്നാണ് സോൻപ്രയാഗ്–ഗൗരികുണ്ട് പാതയിലെ മങ്കടിയ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ഗതാഗതം പൂർണമായി തടസപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് സ്‌റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സ്, നാഷ്ണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സ് സംഘങ്ങൾ ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുട്ടും തുടർച്ചയായ മഴയും മലഞ്ചെരിവുകളിൽ നിന്ന് കല്ലുകളും മണ്ണും ഇടിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും തീർഥാടകരെ ഘട്ടംഘട്ടമായി സുരക്ഷിത മേഖലയിലേക്ക് മാറ്റുകയായിരുന്നു.

മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി തടസപ്പെട്ടെങ്കിലും പിന്നീട് നടപ്പാത ഭാഗികമായി പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. തീർഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഭക്ഷണവും ചികിത്സയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മഴ തുടരുന്നതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *