കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് പെരുമ്പാവൂരിൽ വീടിന് നാശനഷ്ടം. ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപമുള്ള എം.വി. ജോയിയുടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയതായി വീട്ടുകാർ പരാതിപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വിമാനം വളരെ താഴ്ന്ന് പറന്നതിനെ തുടർന്ന് ഉണ്ടായ ശക്തമായ വായുമർദ്ദമാണ് ഓടുകൾ പറന്നു പോകാൻ കാരണമായതെന്നാണ് പ്രദേശവാസികളുടെ ആരോപണം. മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുകാർ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്. വിമാനത്താവള അധികാരികളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

