എബോള പ്രതിരോധം ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയും ഉഗാണ്ടയും ഉൾപ്പെടെ എബോള വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ജാഗ്രത നിർദേശം നൽകി. രോഗനിരീക്ഷണം, ആശുപത്രി സജ്ജീകരണം, വിമാനത്താവള പരിശോധന എന്നിവ ശക്തിപ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

ലോകാരോഗ്യ സംഘടന (WHO) എബോള പകർച്ചയെ “Public Health Emergency of International Concern” ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേർന്ന് രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തി. ഇന്ത്യയിൽ ഇതുവരെ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി അറിയിച്ചു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി യാത്രക്കാരുടെ പരിശോധന, ക്വാറന്റീൻ സംവിധാനങ്ങൾ, ലാബ് പരിശോധന, രോഗലക്ഷണ നിരീക്ഷണം എന്നിവയ്ക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (SOP) സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയിലൻസ് പ്രോഗ്രാം (IDSP) വഴി അസാധാരണ രോഗലക്ഷണങ്ങൾ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.

എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാനും യാത്രാ വിവരങ്ങൾ അറിയിക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. കോംഗോയും ഉഗാണ്ടയും ഉൾപ്പെടെയുള്ള മേഖലകളിൽ നൂറിലധികം മരണങ്ങളും നൂറുകണക്കിന് സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജാഗ്രത ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *