മ
കൊച്ചി: മോഡലിംഗിന്റെയും ജോലി വാഗ്ദാനങ്ങളുടെയും മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. സെക്സ് റാക്കറ്റിന്റെ പ്രവർത്തനം അഞ്ച് വർഷം മുമ്പ് തുടങ്ങിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കോവിഡ് കാലത്തിനു ശേഷമാണ് റാക്കറ്റ് വ്യാപകമായതെന്നാണ് മുഖ്യപ്രതികളായ ബിലാലിന്റെയും സിന്ധുവിന്റെയും മൊഴി.
ദുബായ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നാണ് പോലീസ് പറയുന്നത്. മോഡലിംഗ്, മേക്കപ്പ് ആർട്ടിസ്റ്റ് ജോലി തുടങ്ങിയവ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നൽകി ചൂഷണം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുണ്ട്. ചില മാസങ്ങളിൽ അഞ്ച് യുവതികളെ വരെ വിദേശത്തേക്ക് എത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യപ്രതിയായ ശ്രീകുമാർ അഥവാ ബിലാലും യുവതികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന രഹസ്യമൊഴി പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ലൈംഗികശേഷി പരിശോധന നടത്തിയതായും റിപ്പോർട്ടുണ്ട്. ബംഗളൂരുവിൽ നിന്നുമുള്ള യുവതികളെയും വിദേശത്തേക്ക് കടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ മൂന്ന് യുവതികൾ പരാതി നൽകിയിട്ടുണ്ട്.
ബിലാലിന്റെ ടെലഗ്രാം ഗ്രൂപ്പുകളും മൊബൈൽ ഫോണും പരിശോധിച്ചപ്പോൾ നിരവധി യുവതികളുടെ ചിത്രങ്ങൾ, ഇൻസ്റ്റഗ്രാം വിവരങ്ങൾ, നിർണായക ചാറ്റുകൾ എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പ്രതിക്ക് നിരവധി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ പ്രതികളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കുമെന്നുമാണ് വിവരം.

