തൃശ്ശൂർ: രംഗചേതനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കളിവെട്ടം 2026’ കുട്ടികളുടെ നാടകശില്പശാലയ്ക്ക് നാളെ സമാപനമാകും. മേയ് 24 ന് വൈകിട്ട് 5 ന് കേരള സംഗീത നാടക അക്കാദമി നാട്യഗൃഹമായ ബ്ലാക്ക് ബോക്സിൽ നടക്കുന്ന ചടങ്ങിൽ ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ നാടകാവതരണവും വിവിധ കലാപരിപാടികളും അരങ്ങേറും.
42-ാമത് വർഷത്തിലേക്ക് കടക്കുന്ന രംഗചേതനയുടെ നാടകശില്പശാലയിൽ ഇത്തവണ 52 കുട്ടികളാണ് പങ്കെടുത്തത്. സമാപനച്ചടങ്ങിൽ വി.വി. വിനി രചിച്ച ‘പഞ്ചസാര മരം’ എന്ന നാടകവും, മഞ്ജുഷ പാവിത്രിയുടെ ‘പുസ്തകങ്ങൾ ഇഷ്ടപ്പെട്ട പെൺകുട്ടി’ എന്ന കൃതിയുടെ അടിസ്ഥാനത്തിൽ കെ.വി. ഗണേഷ് സംവിധാനം ചെയ്ത ‘ഇരിപ്പിടം’ എന്ന നാടകവും കുട്ടികൾ അവതരിപ്പിക്കും.
ശില്പശാലയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ‘ടാലൻറ് ബുക്ക് ഓഫ് റെക്കോർഡ്’ പ്രകാശനവും നടക്കും. രക്ഷിതാക്കളും കലാസ്വാദകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

