പാങ്ങപ്പാറ അഭിറാം വധം, തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി ഉമർ; കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമെന്ന് പോലീസ്

തിരുവനന്തപുരം: പാങ്ങപ്പാറയിൽ അഭിറാം എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി ഉമറുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് താൻ വന്നിട്ടുപോലുമില്ലെന്നും അഭിറാമിനെ തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞ പ്രതി തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ കേസിൽ പ്രതിയാക്കിയതെന്നും ഉമർ പ്രതികരിച്ചു. എന്നാൽ, കേസിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകൂട്ടിയുള്ള നീക്കമായാണ് പോലീസ് ഈ പ്രതികരണങ്ങളെ വിലയിരുത്തുന്നത്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതി ഉമറും കൊലപാതകത്തിന് ശേഷം നീങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അന്വേഷണം വഴിതെറ്റിക്കാൻ ലക്ഷ്യമിട്ട് തുടക്കം മുതൽ തന്നെ പ്രതികൾ പരസ്പരവിരുദ്ധവും തെറ്റായതുമായ മൊഴികളാണ് നൽകുന്നത്. കേസിലെ നിർണായക തെളിവായ അഭിറാമിന്റെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പ്രതികൾ പോലീസിനെ കുഴക്കുന്നത്. കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സമീപത്തെ തോട്ടിലെറിഞ്ഞെന്നായിരുന്നു ഒന്നാം പ്രതിയായ പതിനേഴുകാരൻ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂബാ സംഘത്തെ ഇറക്കി തോട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെടുക്കാനായില്ല. എന്നാൽ, കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കാട്ടിൽ ഫോൺ ഉപേക്ഷിച്ചെന്നാണ് ഉമർ മൊഴി നൽകിയത്. ഫോണിലൂടെ ചാറ്റ് ചെയ്ത് അഭിറാമിനെ വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോൺ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *