കാൻബറ: ഓസ്‌ട്രേലിയയിൽ ദശകങ്ങളായി നിലനിൽക്കുന്ന പരമ്പരാഗത ദ്വികക്ഷി രാഷ്ട്രീയ സംവിധാനത്തിന്റെ അടിത്തറയിളകുന്നതായി പുതിയ അഭിപ്രായ സർവേ ഫലങ്ങൾ. രാജ്യം അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ പ്രമുഖ കക്ഷികളായ ലേബർ പാർട്ടിക്കും ലിബറൽ-നാഷണൽ സഖ്യത്തിനും ഭീഷണിയുയർത്തി വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ ‘വൺ നേഷൻ’ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
പ്രമുഖ പോളിംഗ് ഏജൻസിയായ ഡെമോസ്ഓ (DemosAu) മേയ് 15 മുതൽ 20 വരെ നടത്തിയ പുതിയ സർവേയിൽ, ചരിത്രത്തിലാദ്യമായി ഭരണകക്ഷിയായ ലേബർ പാർട്ടിയെ മറികടന്ന് വൺ നേഷൻ ഒന്നാമതെത്തി. വൺ നേഷന് 28 ശതമാനം പ്രാഥമിക വോട്ടുകൾ പ്രവചിക്കുമ്പോൾ ലേബർ പാർട്ടി 26 ശതമാനത്തിലും പ്രതിപക്ഷ സഖ്യം 23 ശതമാനത്തിലും ഒതുങ്ങി. വോട്ടുകൾ ഇത്തരത്തിൽ ഭിന്നിക്കുകയാണെങ്കിൽ രാജ്യം ഒരു തൂക്കുപാർലമെന്റിലേക്ക് നീങ്ങുമെന്നും മുൻപെങ്ങുമില്ലാത്ത വിധം സങ്കീർണ്ണമായ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരണത്തിനാകും ഓസ്‌ട്രേലിയ സാക്ഷ്യം വഹിക്കുകയെന്നും ഡെമോസ്ഓ റിസർച്ച് ഡയറക്ടർ ജോർജ്ജ് ഹസനാകോസ് വ്യക്തമാക്കി.
ഡെമോസ്ഓ സർവേ ഫലങ്ങൾക്ക് പുറമെ പുറത്തുവന്ന മറ്റ് പ്രമുഖ സർവേകളായ ന്യൂസ്‌പോളും (Newspoll), റിസോൾവും (Resolve) വൺ നേഷൻ പാർട്ടിയുടെ ജനപ്രീതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ന്യൂസ്‌പോൾ സർവേയിൽ വൺ നേഷൻ 25 ശതമാനം വോട്ടുകളോടെ ലേബർ പാർട്ടിക്ക് (31%) തൊട്ടുപിന്നിലെത്തി. റിസോൾവ് പോളിൽ വൺ നേഷൻ 24 ശതമാനമായും ഉയർന്നു.
2025-ൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി 34.6 ശതമാനവും പ്രതിപക്ഷ സഖ്യം 31.8 ശതമാനവും വോട്ടുകൾ നേടിയപ്പോൾ വൺ നേഷന് കേവലം 6.4 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്. ഒരു സീറ്റിൽ പോലും ജയിക്കാൻ അന്ന് പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. അവിടെ നിന്നാണ് നിലവിലെ ഈ വൻ കുതിച്ചുചാട്ടം.
വലതുപക്ഷ വോട്ടർമാർക്കിടയിലെ ഭിന്നതയും പോപ്പുലിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യവുമാണ് വൺ നേഷന് തുണയാകുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാൻബറയിലെ ചരിത്രകാരൻ പ്രൊഫസർ ഫ്രാങ്ക് ബോൺജിയോണോ നിരീക്ഷിക്കുന്നു. വൺ നേഷൻ മുന്നോട്ട് വെക്കുന്ന വേതന നയങ്ങൾ പരമ്പരാഗത ലേബർ പാർട്ടി വോട്ടർമാരെപ്പോലും ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിക്ക് ഉള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് ഒത്തൊരുമയോടെ പോകാൻ കഴിഞ്ഞാൽ മാത്രമേ ഈ ജനപ്രീതി വോട്ടാക്കി മാറ്റാൻ വൺ നേഷന് സാധിക്കൂ എന്നും വിലയിരുത്തപ്പെടുന്നു.
അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് 2028 മേയ് വരെ സമയമുണ്ടെന്നിരിക്കെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇനിയും മാറിമറിയാം. നിലവിൽ ലേബർ പാർട്ടിക്ക് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. അടുത്തിടെ സർക്കാർ അവതരിപ്പിച്ച വിവാദ ഫെഡറൽ ബജറ്റിനോടുള്ള ജനങ്ങളുടെ താൽക്കാലിക പ്രതികരണമാണ് ഈ സർവേകളിൽ കാണുന്നത്. രണ്ടാം ഊഴത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ ഇത്തരമൊരു ബജറ്റ് ലേബർ പാർട്ടി തന്ത്രപരമായി കൊണ്ടുവന്നതാണെന്നും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വോട്ടർമാരെ അടുത്ത രണ്ട് വർഷം കൊണ്ട് തിരികെ പാർട്ടിയിലേക്ക് എത്തിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

