വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ആക്രമിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

അമേരിക്കൻ പ്രസിഡന്റ് വസതിയായ വൈറ്റ് ഹൗസിന് സമീപം ഉണ്ടായ വെടിവെപ്പിൽ ആക്രമിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. വാഷിങ്ടണിലെ 17-ാം സ്ട്രീറ്റിനും പെൻസിൽവാനിയ അവന്യൂവിനും സമീപമുള്ള സീക്രട്ട് സർവീസ് ചെക്ക്പോസ്റ്റിലാണ് സംഭവം ഉണ്ടായത്. ബാഗിൽ നിന്ന് തോക്ക് പുറത്തെടുത്ത പ്രതി സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചും വെടിയുതിർക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിനിടെ സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും വെടിയേറ്റ് പരിക്കേറ്റു. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസും പരിസര പ്രദേശങ്ങളും താൽക്കാലികമായി ലോക്ക്ഡൗൺ ചെയ്തു. മാധ്യമപ്രവർത്തകരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അപകടമൊന്നും സംഭവിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ എഫ് ബി ഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചു. പ്രതിക്ക് മാനസിക അസ്വസ്ഥതകളുടെ പശ്ചാത്തലമുണ്ടായിരുന്നുവെന്നും മുമ്പ് വൈറ്റ് ഹൗസിൽ നിന്ന് അകന്നുനിൽക്കാൻ നിർദേശം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *