സ
സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണ ദൗത്യത്തിനൊടുവിൽ ലാൻഡിങ്ങിനിടെ പൊട്ടിത്തെറിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ നിയന്ത്രിത സ്പ്ലാഷ്ഡൗണിന് പിന്നാലെയാണ് വൻ തീഗോളമായി റോക്കറ്റ് മാറിയത്.
ടെക്സാസിലെ സ്റ്റാർബേസിൽ നിന്ന് വിക്ഷേപിച്ച സ്റ്റാർഷിപ്പ് വി3യുടെ 12-ാമത് പരീക്ഷണപ്പറക്കലായിരുന്നു ഇത്. ദൗത്യത്തിനിടെ ചില സാങ്കേതിക തകരാറുകൾ ഉണ്ടായെങ്കിലും പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ചതായി സ്പേസ് എക്സ് അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി മോക്ക് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും വിന്യസിച്ചിരുന്നു. റോക്കറ്റിന്റെ തിരിച്ചിറക്കത്തിനിടെ ചില റാപ്റ്റർ എൻജിനുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് നിയന്ത്രിതമായ അവസാന ലാൻഡിങ് സാധ്യമായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ദൗത്യം “പ്രധാന നേട്ടം” കൈവരിച്ചതായി സ്പേസ് എക്സ് സിഇഒ എലോൺ മസ്ക് പ്രതികരിച്ചു.
ഭാവിയിലെ ചന്ദ്രദൗത്യങ്ങൾക്കും മനുഷ്യരെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതികൾക്കുമായി സ്റ്റാർഷിപ്പ് വികസിപ്പിച്ചുവരികയാണ്. നിരവധി പരീക്ഷണങ്ങളിൽ പൊട്ടിത്തെറികളും സാങ്കേതിക തകരാറുകളും നേരിട്ടിട്ടുണ്ടെങ്കിലും പുനരുപയോഗിക്കാവുന്ന ഭീമൻ റോക്കറ്റ് സംവിധാനത്തിന്റെ വികസനം സ്പേസ് എക്സ് തുടരുകയാണ്.

