മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌;  കിരീടം റീറിലീസിന് ഒരുങ്ങി

36 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യഭംഗിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്..

തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട സിബി മലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രം ‘കിരീടം’ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. റിലീസ് ചെയ്ത് 36 വർഷങ്ങൾ പിന്നിടുമ്പോൾ, അത്യാധുനിക 4K ദൃശ്യഭംഗിയിലും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലുമാണ് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഔദ്യോഗിക റീ-റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം വരും ജൂൺ മാസത്തിൽ തിയേറ്ററുകളിൽ എത്തും.

1989-ൽ കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേഷ് പണിക്കരും ചേർന്ന് നിർമിച്ച ‘കിരീടം’, മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്ക് ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ ദൃശ്യാവിഷ്കാരമൊരുക്കിയ സിനിമയിൽ സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ പകരംവെക്കാനില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ജോൺസൺ മാസ്റ്ററുടെ സംഗീതവും ചിത്രത്തിന്റെ വൈകാരിക അന്തരീക്ഷത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഒരു സാധാരണ കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാം തകർന്ന്, ഒടുവിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കുറ്റവാളിയാകേണ്ടി വരുന്ന ഒരു യുവാവിന്റെ നിസഹായതയാണ് ചിത്രം ചർച്ച ചെയ്തത്.

ചിത്രത്തിൽ മോഹൻലാലും തിലകനും (അച്യുതൻ നായർ) തമ്മിലുള്ള ഓൺസ്‌ക്രീൻ രസതന്ത്രം മലയാളി പ്രേക്ഷകർക്ക് ഇന്നും മറക്കാനാകാത്ത നൊമ്പരമാണ്. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ “കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്” എന്ന ഡയലോഗ് മലയാള സിനിമയിലെ തന്നെ ഏറ്റവും തീവ്രതയുള്ള രംഗങ്ങളിലൊന്നായി നിലകൊള്ളുന്നു. എസ്. കുമാർ ഛായാഗ്രാഹണം നിർവഹിച്ച ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.

36 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ, സിനിമയിൽ വേഷമിട്ടവരും ഇന്ന് നമ്മോടൊപ്പമില്ലാത്തവരുമായ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയ പ്രതിഭകളെ ബിഗ് സ്ക്രീനിൽ ഒരിക്കൽക്കൂടി കാണാമെന്ന പ്രത്യേകതയുമുണ്ട്.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്. പ്രസാദ് കോർപ്പ് റീസ്റ്റോറേഷനും ഹൈ സ്റ്റുഡിയോസ് 4K റീമാസ്റ്ററിങ്ങും നിർവഹിച്ച ചിത്രത്തിന്റെ ട്രെയിലർ കട്ടുകൾ ഡോൺ മാക്സാണ് തയ്യാറാക്കിയിരിക്കുന്നത്. എൽ. ഭൂമിനാഥൻ (എഡിറ്റർ), കൈതപ്രം (ഗാനരചന), വേലപ്പൻ (മേക്കപ്പ്), സി.കെ സുരേഷ് (ആർട്ട്), ഹരി നാരായണൻ (അറ്റ്മോസ് മിക്സിംഗ്), പി. ശിവപ്രസാദ് (പി.ആർ.ഓ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പുനരുദ്ധാരണ അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *