റോക്കട്രിക്ക് ശേഷം വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ വേഷത്തിൽ മാധവൻ; ജി.ഡി.എൻ വരുന്നു, ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ (ജി.ഡി. നായിഡു) ജീവിതകഥ പറയുന്ന ബയോപിക് ചിത്രം ‘ജി.ഡി.എൻ’ (GDN) അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൽ ജി.ഡി. നായിഡുവായി വേഷമിടുന്ന ജനപ്രിയ താരം ആർ. മാധവന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ഇന്ത്യൻ എഡിസൺ’ എന്നറിയപ്പെടുന്ന ജി.ഡി. നായിഡുവിന്റെ ലുക്കിൽ മാധവൻ എത്തുന്ന പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമാലോക ശ്രദ്ധ നേടിയത്.

ദേശീയ അവാർഡ് നേടിയ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ നാൽപതാം വാർഷിക ആഘോഷ വേദിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ നിർമാതാക്കളാകുമ്പോൾ സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാകുന്നു.

വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

‘കോയമ്പത്തൂരിന്റെ മിറക്കിൾ മാൻ’ എന്നും അറിയപ്പെട്ടിരുന്ന ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമ തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് തിയേറ്ററുകളിൽ എത്തുക.

ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥനാണ്. മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മിഥുൻ മുരളി പ്രമോഷൻ കൺസൾട്ടന്റായും പ്രവർത്തിക്കുന്നു. ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും പി. ശിവപ്രസാദ് വാർത്താപ്രചരണവും നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *