ചെസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലാണ് ഈ പുതിയ യൂണിറ്റ് പ്രവർത്തിക്കുക.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി നേടിയ മിന്നുന്ന വിജയത്തിന്റെയും, പുതിയ മുഖ്യമന്ത്രിയായി ശ്രീ. വി. ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെയും ആഘോഷങ്ങൾ സംഘടിപ്പിച്ച ചടങ്ങിലാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണ പ്രഖ്യാപനം നടന്നത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൻ ജനപങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിൻസ് വർക്കിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഐഒസി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ കീഴിൽ രൂപീകൃതമാകുന്ന പതിനാലാമത് യൂണിറ്റാണ് ചെസ്റ്ററിലേത്.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ചെസ്റ്ററിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്നവരുമായ വ്യക്തിത്വങ്ങളാണ് പുതിയ ഭാരവാഹി പട്ടികയിലുള്ളത്. സംഘടനയുടെ പ്രവർത്തനം യുകെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ യൂണിറ്റുകൾ രൂപീകരിക്കുമെന്നും ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ജോബിൻസ് വർക്കി
ജനറൽ സെക്രട്ടറി: ജിനീഷ് കുളത്തിനാൽ
വൈസ് പ്രസിഡന്റ്: വിനോയ് വർഗീസ്
ജോയിന്റ് സെക്രട്ടറി: സുബിൻ കോറ്റത്തിൽ
ട്രഷറർ: ബിജു മാത്യു

