പാലാ: പാലാ-തൊടുപുഴ റോഡിൽ കാനാട്ട്പാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓടയിലേക്ക് ഇടിച്ചിറങ്ങി അപകടം. ഇന്ന് വെളുപ്പിന് നാലുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ബസ് ഇടിച്ച് തകർത്തു. കണ്ണൂരിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് ബസിലുണ്ടായിരുന്ന ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു.
ബസ് ഇടിച്ച് വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടവിവരമറിഞ്ഞ് പാലാ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. കെഎസ്ആർടിസി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

