ശബരിമല സ്വർണക്കൊള്ള; കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. അന്വേഷണ സംഘത്തിനുമേൽ മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായെന്നും അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും മന്ത്രി ആരോപിച്ചു. അയ്യപ്പന്റെ സ്വർണം കവർന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും സംഘത്തെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി പ്രതികൂല പരാമർശങ്ങൾ നടത്തിയിട്ടില്ലെങ്കിലും, അന്വേഷണം തൃപ്തികരമല്ലെന്ന നിലപാട് പ്രതിപക്ഷത്തിലിരിക്കുമ്പോഴേ തങ്ങൾ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമോപദേശം തേടിയ ശേഷമാകും മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയെന്നും മന്ത്രി അറിയിച്ചു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രാവൻകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി സംസാരിച്ചതായും, ഇവന്റ് കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് അറിവെന്നും മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *