ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചാണ് ഹുസൈനെ കുറ്റവിമുക്തനാക്കിയത്: അഭിഭാഷകന്‍

കൊച്ചി: അട്ടപ്പാടി മധുവധക്കേസില്‍ ഒന്നാം പ്രതിയായ ഹുസൈനെ കുറ്റവിമുക്തനാക്കിയത് ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണെന്ന് ഹുസൈന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ചില സാക്ഷികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നാം പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും എട്ടാം, 19-ാം സാക്ഷികളുടെയും മൊഴികളും ഹാജരാക്കിയിരുന്നു. എട്ടാം സാക്ഷി മധുവിന്റെ അടുത്ത ബന്ധുവും 19-ാം സാക്ഷി ഓട്ടോഡ്രൈവറുമായ മണികണ്ഠനുമായിരുന്നു. എന്നാല്‍ ഇവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ തന്നെയാണ് പ്രതിഭാഗവും ഉപയോഗിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഹൈക്കോടതി ഈ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതെന്നും ഒന്നാം പ്രതിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് വിലയിരുത്തിയാണ് വെറുതെ വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹുസൈന്‍ അവിടെ കൂടിയിരുന്ന ആളുകളില്‍ ഒരാള്‍ മാത്രമാണെന്നും, അദ്ദേഹത്തിന്റെ ചവിട്ടേറ്റ് മധു മരിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രതിഭാഗത്തിനും ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായതെന്നും, അല്ലാത്തപക്ഷം ഒന്നാം പ്രതിക്ക് ശിക്ഷ ലഭിക്കാമായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. സംഭവസമയത്ത് സാക്ഷികളെന്ന് പറഞ്ഞവര്‍ മറ്റ് സ്ഥലങ്ങളിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, നാലും പതിനൊന്നും പ്രതികളെ കീഴ്‌ക്കോടതി നേരത്തെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട നടപടി ഹൈക്കോടതി ശരിവച്ചു. 16-ാം പ്രതിക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുമെന്നും മറ്റ് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ കോടതി തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *