നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മുൻവർഷങ്ങളിലെ വീഴ്ചകളിൽ നിന്ന് എൻടിഎ പാഠം പഠിച്ചില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. പരീക്ഷാ സംവിധാനത്തിലെ വിശ്വാസ്യത സംരക്ഷിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും, സംഭവത്തിൽ നിരവധി പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പരീക്ഷാ ചോദ്യങ്ങൾ പണത്തിനായി വിദ്യാർത്ഥികൾക്ക് കൈമാറിയെന്ന ആരോപണങ്ങളും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണിതെന്ന് വിവിധ സംഘടനകളും പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്രസർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മേയ് 3ന് നടന്ന നീറ്റ്-യുജി 2026 പരീക്ഷയ്ക്ക് പിന്നാലെയാണ് ചോദ്യപേപ്പർ ചോർന്നെന്ന ആരോപണങ്ങൾ ഉയർന്നത്. തുടർന്ന് എൻടിഎ പരീക്ഷ റദ്ദാക്കിയിരുന്നു. ചോർന്ന ചോദ്യപേപ്പർ കൈയെഴുത്ത് രൂപത്തിൽ സ്കാൻ ചെയ്ത് പ്രചരിപ്പിച്ചതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *