ഫിലിപ്പീൻസിൽ കെട്ടിടം തകർന്നുവീണ സംഭവം; മരണം നാലായി

മനില: ഫിലിപ്പീൻസിലെ ആഞ്ചലസ് സിറ്റിയിൽ നിർമാണത്തിലിരുന്ന ഒമ്പത് നില കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെ പുറത്തെടുത്തെങ്കിലും ഒരാൾക്ക് മാത്രമാണ് ആദ്യം ജീവന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നത്. പിന്നീട് ഇയാളും മരിച്ചു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും 17 പേരെ കാണാതായിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ഇവരിൽ ഭൂരിഭാഗവും നിർമാണത്തൊഴിലാളികളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് കുടുങ്ങിയതെന്നാണ് വിവരം.

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയ്ക്ക് വടക്കുള്ള പംപാംഗ പ്രവിശ്യയിലെ ആഞ്ചലസ് സിറ്റിയിലാണ് സംഭവം നടന്നത്. നിർമാണത്തിലിരുന്ന കോൺഡോ-ഹോട്ടൽ കെട്ടിടമാണ് തകർന്നുവീണത്. സമീപത്തെ ഒരു ഹോട്ടലിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. അവിടെ താമസിച്ചിരുന്ന 65 കാരനായ മലേഷ്യൻ പൗരനും മരിച്ചവരിൽ ഉൾപ്പെടുന്നു. കോൺക്രീറ്റ് തകർച്ചാവശിഷ്ടങ്ങളും ഇരുമ്പ് ഘടനകളും നീക്കി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഹൃദയമിടിപ്പ് കണ്ടെത്തുന്ന ഉപകരണങ്ങളും തെരച്ചിൽ നായ്ക്കളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടനിർമാണത്തിൽ നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്നതടക്കം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുമതി ഒമ്പത് നിലയ്ക്കായിരുന്നെങ്കിലും പത്താം നിലയിൽ സ്വിമ്മിങ് പൂളിന്റെ നിർമാണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *