വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് കൊണ്ടുവരാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ മോഡിഫിക്കേഷനെ അനുകൂലിച്ച് നടത്തിയ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. മോട്ടോർ വാഹന വകുപ്പ് ഇതിനായി ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നുവെന്നാണ് വിവരം.
റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകി ഏത് തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാം, ഏതൊക്കെയാണ് നിയമവിരുദ്ധമെന്നത് സംബന്ധിച്ചാണ് പഠനം നടക്കുന്നത്. നിലവിലെ നിയമപ്രകാരം വാഹന നിർമാതാക്കൾ നൽകിയ അടിസ്ഥാന സവിശേഷതകളിൽ മാറ്റം വരുത്തുന്നത് മോഡിഫിക്കേഷനായി കണക്കാക്കപ്പെടുന്നു. വാഹനത്തിന്റെ രൂപഭേദം വരുത്തുന്ന മാറ്റങ്ങൾ നിയമവിരുദ്ധമാകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ആർടിഒയിൽ രജിസ്റ്റർ ചെയ്ത് വാഹനത്തിന്റെ നിറം മാറ്റുന്നതുപോലുള്ള ചില കാര്യങ്ങൾ നിയമപരമായി ചെയ്യാനാകുമെന്ന് മോഡിഫിക്കേഷൻ രംഗത്തെ സ്ഥാപനങ്ങൾ പറയുന്നു. കമ്പനി അനുവദിക്കുന്ന പരിധിക്കുള്ളിൽ ടയർ സൈസ് വർധിപ്പിക്കൽ, നിശ്ചിത ദൃശ്യപരതയുള്ള സൺ ഫിലിം ഉപയോഗിക്കൽ എന്നിവ അനുവദനീയമാണെന്ന് രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം അമിത ശബ്ദമുള്ള എക്സോസ്റ്റ്, ഓവർസൈസ് ടയർ, അമിത ഡാർക്ക് ഫിലിം, അപകടസാധ്യത ഉയർത്തുന്ന വയറിംഗ് മാറ്റങ്ങൾ എന്നിവ നിയമവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.
18 മുതൽ 30 വയസുവരെയുള്ള യുവാക്കളാണ് കൂടുതലായി മോഡിഫിക്കേഷനിലേക്ക് എത്തുന്നതെന്നും ഓഫ്റോഡ് വാഹനങ്ങൾക്കും ഷോ വാഹനങ്ങൾക്കും കൂടുതൽ ആവശ്യകതയുണ്ടെന്നും മോഡിഫിക്കേഷൻ സ്ഥാപനങ്ങൾ പറയുന്നു. ഥാർ, സ്വിഫ്റ്റ്, പോളോ, സിവിക് തുടങ്ങിയ വാഹനങ്ങളിലാണ് കൂടുതൽ മാറ്റങ്ങൾ വരുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മോഡിഫിക്കേഷൻ സുരക്ഷിതമായി അംഗീകൃത സ്ഥാപനങ്ങളിൽ നടത്തുകയാണെങ്കിൽ വലിയ അപകടസാധ്യതയില്ലെന്നും, നിയമവിരുദ്ധമായ മാറ്റങ്ങളാണ് പ്രധാന പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കാർ ആക്സസറീസ് മേഖലയിലെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

