ധനകാര്യം ഒരു ചലഞ്ചാണ്, ഖജനാവ് ജനങ്ങളുടേതും; സ്വപ്ന പദ്ധതികളുമായി പുതിയ സർക്കാർ മുന്നോട്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

കൊച്ചി: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും ഉയർത്തുന്ന സ്വപ്നതുല്യമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേവലം കൂറ്റൻ കെട്ടിടങ്ങളും നിർമ്മിതികളും ഉയരുന്നതല്ല വികസനമെന്നും, സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഉണ്ടാകുന്ന പുരോഗമനപരമായ മാറ്റമാണ് യഥാർത്ഥ വികസനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കേരളത്തെ മാറ്റിയെടുക്കാനുള്ള കൃത്യമായ കാഴ്ചപ്പാട് പുതിയ സർക്കാരിനുണ്ടെന്ന് കൊച്ചിയിൽ പൗരാവലി ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി.

ധനകാര്യ വകുപ്പ് താൻ ഏറ്റെടുത്തത് മറ്റൊന്നും കൊണ്ടല്ല, അതൊരു വലിയ ചലഞ്ചായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഖജനാവും സമ്പത്തും ജനങ്ങളുടേതാണ്. അതുകൊണ്ട് വികസനത്തിലൂടെ ഉണ്ടാകുന്ന സമ്പത്ത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും നീതിപൂർവ്വമായി വിതരണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കും. വരും നാളുകളിൽ സ്വപ്ന തുല്യമായ പദ്ധതികളാണ് വരാനിരിക്കുന്നത്. കേരളത്തെ തുറമുഖ – ഏവിയേഷൻ ഹബ്ബുകൾ ആക്കി മാറ്റുക എന്നത് ഉൾപ്പെടെയുള്ള സ്വപ്ന പദ്ധതികൾ പലതും സംസ്ഥാനത്ത് യാഥാർത്ഥ്യമാകും. വരുന്ന സംസ്ഥാന ബഡ്ജറ്റിൽ ആരോഗ്യ – വിദ്യാഭ്യാസ – അടിസ്ഥാന വികസന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി സൂചന നൽകി.

ഒരു സമൂഹം പരിഷ്കൃതമാണോ എന്ന് അളക്കുന്നത് അവർ തങ്ങളുടെ മുതിർന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്, ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ആദ്യ കാബിനറ്റിൽ തന്നെ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമായി കൂട്ടത്തോടെ പുറത്തേക്ക് പോകുന്ന സാഹചര്യവും അതുവഴി ഉണ്ടാകുന്ന ‘ബ്രെയിൻ ഡ്രെയിനും’ തടയാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തും. അവർക്ക് നാട്ടിൽ തന്നെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും, പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകി അവരെ ചേർത്തുപിടിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

കേരളത്തിന്റെ മതനിരപേക്ഷത എന്നാൽ പാശ്ചാത്യ നാടുകളിലെപ്പോലെ മതത്തെ നിരാകരിക്കുന്നതല്ല, മറിച്ച് എല്ലാ മതങ്ങളെയും ഒന്നിച്ച് ചേർത്തുനിർത്തുന്ന ‘ഇൻക്ലൂസീവ്’ രീതിയാണ്. സഹോദര മതസ്ഥർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ മുന്നിൽ നിന്ന് അവരെ സംരക്ഷിക്കുന്നതാണ് കേരളത്തിന്റെ ശൈലി. വർഗ്ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ഇത് ‘മതേതര കേരളമാണ്’ എന്ന് ലോകത്തോട് അഭിമാനത്തോടെ വിളിച്ചുപറയാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കൊച്ചി നഗരത്തെ നിലവിലുള്ള അതിരുകൾക്കപ്പുറത്തേക്ക് വികസിപ്പിച്ച്, പുതിയ നഗര സങ്കല്പത്തിന് രൂപം നൽകും. സുഗമമായ ഗതാഗതവും അതിനൂതനമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാജ്യത്തിന് തന്നെ മാതൃകയാവുന്ന നഗരമാക്കി കൊച്ചിയെ മാറ്റും. പുതിയ അർബൻ പ്ലാനിംഗിന്റെ ഗുണഭോക്താക്കൾ നഗരവാസികൾ മാത്രമല്ല, തൊട്ടടുത്ത ഗ്രാമങ്ങളിൽ താമസിക്കുന്നവർ കൂടിയായിരിക്കും. ഹൈദരാബാദിലും മദ്രാസിലും ചെയ്തതുപോലെ കേരളത്തിലെ സിനിമ ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി എറണാകുളത്തെ വളർത്തണം. ടൂറിസം മേഖലയിലെ അത്ഭുതകരമായ സാധ്യതകളും പ്രയോജനപ്പെടുത്തണം. ഇതിനായി അടുത്ത 6 മാസത്തിനുള്ളിൽ കൃത്യമായ മാസ്റ്റർ പ്ലാൻ തയാറാക്കും. മുഖ്യമന്ത്രിയായ താനും ജില്ലയിലെ മൂന്ന് മന്ത്രിമാരും എം.പിമാരും 14 എം.എൽ.എമാരും ഒരുമിച്ച് നിന്ന് ഈ ലക്ഷ്യങ്ങൾ സാധ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി. ഇ അബ്ദുൾ ഗഫൂർ, എം.പിമാർ, എം.എൽ.എമാർ, സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *