കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് ഗുരുതര ബുദ്ധിമുട്ടുകൾ അനുഭവിച്ച ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായാണ് ഹർഷിനയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്ന് ഹർഷിന നിയമന ഉത്തരവ് ഏറ്റുവാങ്ങും. മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യ മന്ത്രി കെ. മുരളീധരനും പങ്കെടുത്ത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജോലി സംബന്ധിച്ച തീരുമാനം ഉണ്ടായത്.
2017-ൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയിരുന്നു. പിന്നീട് 2022-ൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. ഉപകരണം മൂത്രസഞ്ചിയിൽ തറച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹർഷിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

