മലയിടംതുരുത്തിലെ കുടുംബങ്ങളെ പെരുവഴിയിലാക്കില്ല; മുനമ്പം വിഷയത്തിൽ സിപിഎമ്മിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടുംബങ്ങളെ സർക്കാർ പെരുവഴിയിലാക്കില്ലെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. പ്രദേശവാസികൾക്ക് സ്വന്തം നാട്ടിനോടും ഭൂമിയോടുമുള്ള വൈകാരിക ബന്ധം സ്വാഭാവികമാണെന്നും, വിഷയത്തിൽ പുനരധിവാസ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിൽ സിപിഎം “കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്” എന്നും മന്ത്രി ആരോപിച്ചു.

മലയിടംതുരുത്തിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാരിന്റെ ശ്രമമെന്നും, അതിനായാണ് വിഷയത്തിൽ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിനായി എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമെന്നും, മലയിടംതുരുത്തിലെ പ്രശ്നം ഇപ്പോഴാണ് സിപിഎമ്മിന് മനസിലാകുന്നതെന്നും റോജി എം. ജോൺ വിമർശിച്ചു. അതേസമയം, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറെ വെല്ലുവിളികൾ നിറഞ്ഞ മേഖലയാണെന്നും നിലവിൽ പല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *