കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക (ശസ്ത്രക്രിയ ഉപകരണം) കുടുങ്ങി വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റായി സ്ഥിരനിയമനം നൽകിയത്.
വർഷങ്ങളായി തുടർന്ന നീതിക്കായുള്ള പോരാട്ടങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കുമൊടുവിലാണ് ഹർഷിനയ്ക്ക് അർഹമായ ജീവനമാർഗ്ഗം ഉറപ്പാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ വീഴ്ചയെത്തുടർന്ന് വലിയ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് ഹർഷിനയും കുടുംബവും നേരിട്ടത്. തുടർന്ന് നഷ്ടപരിഹാരത്തിനും ആശ്രിത നിയമനത്തിനുമായി ഹർഷിന ശക്തമായ സമരവുമായി മുന്നോട്ടുപോയിരുന്നു.
ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന മുൻനിർത്തി സ്ഥിരനിയമനം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതും മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ തന്നെ തസ്തിക അനുവദിച്ച് ഉത്തരവായതും. കഴിഞ്ഞ ദിവസങ്ങളിൽ നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെ സമരം നയിച്ച അതേ സ്ഥാപനത്തിൽ തന്നെ ഇനി ഹർഷിന ഔദ്യോഗിക ജീവിതം ആരംഭിക്കും.

