മാറുന്ന കാലത്തിനൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയും മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: ലോകത്ത് അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന വിസ്‌ഫോടനത്തിനൊപ്പം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയും കാലാനുസൃതമായി മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഹൈബി ഈഡൻ എം.പിയുടെ ‘എം.പി. അവാർഡ് 2026’ വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

കേരളത്തിന്റെ ജനസംഖ്യാ ഘടനയിൽ വരുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് സംസ്ഥാനത്തിന്റെ കരുത്തായിരുന്ന ‘ഡെമോഗ്രാഫിക് ഡിവിഡൻഡ്’ അഥവാ ഉത്പാദനക്ഷമതയുള്ള യുവജനസമ്പത്ത് വിദേശത്തേക്കുള്ള വ്യാപകമായ കുടിയേറ്റം കാരണം കുറഞ്ഞുവരികയാണ്. ഉന്നത പഠനത്തിനും ജോലിക്കുമായി യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് തടയാൻ നാട്ടിൽ തന്നെ മികച്ച തൊഴിൽ-പഠന അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങൾ നിലവിലുള്ള പല തൊഴിലവസരങ്ങളെയും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഈ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആഗോള തൊഴിൽ മാറ്റങ്ങൾ നിരീക്ഷിച്ച് അതിനനുസരിച്ച് സർവകലാശാലകളിലെ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

വിദ്യാർത്ഥികൾക്ക് പഠനശേഷം തൊഴിൽ ഉറപ്പാക്കാൻ കോർപ്പറേറ്റുകളുമായും അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ മേഖലയെ ബന്ധിപ്പിക്കും. നാടിന്റെയും കുട്ടികളുടെയും ഭാവിക്കായി ശരിയായ തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും, ഇത്തരം പരിഷ്കരണങ്ങളിൽ ഉയരുന്ന വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹൈബി ഈഡൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി. എറണാകുളം മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 2100 വിദ്യാർത്ഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഉമ തോമസ് എം.എൽ.എ, മേയർ വി.കെ. മിനി മോൾ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപിള്ളി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, രാജഗിരി കോളേജ് പ്രിൻസിപ്പാൾ ഫാദർ ജയ്സൺ പോൾ മുളെരിക്കൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, തുടങ്ങിയവർ പങ്കെടുത്തു. വയലിനിസ്റ്റ് രൂപ രേവതിയുടെ സംഗീതപരിപാടിയും ചടങ്ങിന് മിഴിവേകി.

Leave a Reply

Your email address will not be published. Required fields are marked *