കൊച്ചിക്ക് ഇനി ദാഹമകറ്റാം; 2050 വരെയുള്ള കുടിവെള്ള സുരക്ഷയ്ക്ക് അടിത്തറയൊരുങ്ങുന്നു

കൊച്ചി: നഗരത്തിന്റെ ദീർഘകാല കുടിവെള്ള ആവശ്യങ്ങൾക്ക് പരിഹാരമേകി, 2050 വരെ സുഗമമായ ജലവിതരണം ഉറപ്പാക്കുന്ന 190 എം.എൽ.ഡി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകുന്നു. പെരുമാനൂർ കേരള വാട്ടർ അതോറിറ്റി ക്യാമ്പസിൽ പുരോഗമിക്കുന്ന ജലസംഭരണികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ടി.ജെ. വിനോദ് എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി.

അമൃത് പദ്ധതിയുടെ ഭാഗമായി 15.5 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം നടക്കുന്നത്. ഇവിടെ 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയും, 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2025 ഓഗസ്റ്റ് 25-ന് ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം നിലവിൽ 20 ശതമാനം പിന്നിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത 24 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ജലവിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൊച്ചി കോർപ്പറേഷന്റെ 55, 56, 61, 62 എന്നീ വാർഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള വിതരണത്തിൽ വലിയ ആശ്വാസം ലഭിക്കും. നിലവിലുള്ള ജലവിതരണ ശൃംഖലയുമായി പുതിയ സംഭരണികൾ ബന്ധിപ്പിക്കുന്നതോടെ വിതരണം കൂടുതൽ കാര്യക്ഷമമാകും.

നഗരത്തിന്റെ ഭാവി വികസനം മുൻകൂട്ടിക്കണ്ട് നടപ്പിലാക്കുന്ന 190 എം.എൽ.ഡി പദ്ധതിയുടെ സുപ്രധാന ഭാഗമാണ് പെരുമാനൂരിലെ ഈ ജലസംഭരണികൾ. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാവിധ ഇടപെടലുകളും തുടരുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി. സന്ദർശനവേളയിൽ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാറും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *