മാർ തോമസ് ആനിമൂട്ടിലിന് ജന്മനാടിന്റെ ആദരം; പയ്യാവൂർ പ്രവാസി കൂട്ടായ്മ ആശംസകൾ നേർന്നു

പയ്യാവൂർ: ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ ആത്മീയ നേതൃത്വത്തിലേക്ക് നിയുക്തനായ അഭിവന്ദ്യ മാർ തോമസ് ആനിമൂട്ടിലിന് ജന്മനാടിന്റെയും പ്രവാസി സമൂഹത്തിന്റെയും ആദരവ്. മലബാർ കുടിയേറ്റ ചരിത്രത്തിന്റെ 83 വർഷത്തെ പാരമ്പര്യം പേറുന്ന പയ്യാവൂരിന്റെ മണ്ണിൽനിന്ന് ആഗോള ക്നാനായ ജനതയുടെ ഇടയസ്ഥാനത്തേക്ക് ഉയർന്ന പിതാവിനെ പയ്യാവൂർ പ്രവാസി കൂട്ടായ്മ അഭിനന്ദിച്ചു.

കുടിയേറ്റ ജനതയുടെ അധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ തോമസച്ചൻ മെത്രാൻ പദവിയിലേക്ക് നിയോഗിക്കപ്പെട്ടത് മലബാർ കുടിയേറ്റ മേഖലയ്ക്കും പ്രവാസി സമൂഹത്തിനും ഒരേപോലെ അഭിമാനകരമായ നിമിഷമാണെന്ന് കൂട്ടായ്മ വ്യക്തമാക്കി. ജന്മനാട്ടുകാരുടെ പ്രിയങ്കരനായ സുഹൃത്തും ഇടവകാംഗവുമായ പിതാവിന്റെ സ്ഥാനലബ്ധി തങ്ങളുടെ സ്വന്തം നേട്ടമായി പ്രവാസലോകം ആഘോഷിക്കുകയാണെന്നും പ്രതിനിധികൾ അറിയിച്ചു.

ജാതിമതഭേദമന്യേ സർവരെയും ഒന്നായിക്കണ്ട് സമൂഹത്തിന്റെ സമഗ്രമായ ആത്മീയ-സാമൂഹിക വളർച്ചയ്ക്ക് നേതൃത്വം നൽകാൻ മാർ തോമസ് ആനിമൂട്ടിലിന് സാധിക്കട്ടെയെന്ന് പ്രവാസികൾ ആശംസിച്ചു. പുതിയ ദൗത്യത്തിൽ പിതാവിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനകളും നേരുന്നതായി പയ്യാവൂർ പ്രവാസി കൂട്ടായ്മ അറിയിച്ചു.

(റിപ്പോർട്ട്: ജിജിമോൻ കുഴിവേലിൽ)

Leave a Reply

Your email address will not be published. Required fields are marked *