എറിന (സെൻട്രൽ കോസ്റ്റ്): ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിലുള്ള എറിന സർവീസ് എൻ.എസ്.ഡബ്ല്യു സെന്ററിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി വൻ അപകടം. ഓഫീസിനുള്ളിൽ ഇരുപതോളം പേർ ഉണ്ടായിരുന്ന സമയത്താണ് ഈ നടുക്കുന്ന സംഭവം ഉണ്ടായതെങ്കിലും, ആർക്കും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിന്റെ ആഘാതത്തിൽ ഓഫീസിന്റെ ചില്ലുകളും ഫർണിച്ചറുകളും തകർന്ന് തരിപ്പണമായി. വെള്ള നിറത്തിലുള്ള ടൊയോട്ട എസ്.യു.വി കാറാണ് ഓഫീസിന്റെ ഉൾഭാഗത്തേക്ക് ഇടിച്ചുകയറിയത്. അപകടസമയത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും കാർ ഡ്രൈവറും പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് വലിയ ആശ്വാസമായി.
സംഭവത്തെത്തുടർന്ന് പോലീസും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും പ്രദേശം ബാരിക്കേഡ് വെച്ച് തിരിക്കുകയും ചെയ്തു. അപകടകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

