മെൽബൺ: പ്രവാസലോകത്ത് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പെരുമ വിളിച്ചോതി മൂന്നാമത് ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് ‘അക്ഷരോത്സവം 2026’ നവംബർ 21 ശനിയാഴ്ച മെൽബൺ ക്ലേട്ടൺ ടൗൺ ഹാളിൽ നടക്കും. വിപഞ്ചിക ഗ്രന്ഥശാലയും മലയാളിപ്പത്രവും സംയുക്തമായാണ് കവിതയും സാഹിത്യവും കലയും സംസ്കാരവും മാനവികതയും പരിസ്ഥിതി ചിന്തകളും സമന്വയിക്കുന്ന ഈ സാഹിത്യ മഹോത്സവം സംഘടിപ്പിക്കുന്നത്. പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നാട്ടിൽനിന്നകലെ വളരുന്ന പുതിയ തലമുറയെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തുക, പ്രവാസികൾക്കിടയിൽ സാംസ്കാരിക കൂട്ടായ്മ കൂടുതൽ ദൃഢമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. കവിതാപാരായണം, അക്ഷരദീക്ഷ, പുസ്തകോത്സവം, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും.
നവംബർ 21-ന് വൈകിട്ട് നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഫെസ്റ്റിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 15 ഡോളറാണ്. അതേസമയം, 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും നിലവിൽ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വിപുലമായ ഫുഡ് കൗണ്ടറുകളും ക്രമീകരിക്കുന്നുണ്ട്. സാഹിത്യാസ്വാദകർക്ക് https://app.orgnyse.com.au/684/amlf-2026-3rd-edition എന്ന ലിങ്ക് വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാഹിത്യപ്രേമികളും പൊതുജനങ്ങളും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

