ഐസിസ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഓസ്ട്രേലിയൻ സംഘം സിഡ്നിയിലും മെൽബണിലും തിരിച്ചെത്തി; കനത്ത രാഷ്ട്രീയ സംവാദം തുടരുന്നു

മെൽബൺ/സിഡ്നി: സിറിയയിലെ ഐസിസ് തടങ്കൽ പാളയങ്ങളിൽ കഴിഞ്ഞിരുന്ന ഓസ്ട്രേലിയൻ സ്വദേശികളായ ആറ് സ്ത്രീകളും പന്ത്രണ്ട് കുട്ടികളും അടങ്ങുന്ന സംഘം സിഡ്നിയിലും മെൽബണിലുമായി തിരിച്ചെത്തി. കഴിഞ്ഞ ഏഴ് വർഷമായി സിറിയൻ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഇവരുടെ മടങ്ങിവരവ് പൂർണ്ണമായെങ്കിലും, ഇവരുടെ ഭാവി സംബന്ധിച്ച രാഷ്ട്രീയ തർക്കങ്ങൾ ഓസ്ട്രേലിയയിൽ വീണ്ടും പുകയുകയാണ്. ഈ മാസം ആദ്യം തിരിച്ചെത്തിയ സംഘത്തിലെ മൂന്ന് സ്ത്രീകളെ പോലീസ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിൽ, ഇത്തവണ എത്തിയ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

രണ്ട് സ്ത്രീകളും അവരുടെ കുട്ടികളും അടങ്ങുന്ന ആദ്യസംഘം ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെ മെൽബണിലാണ് ഇറങ്ങിയത്. വിമാനത്താവളത്തിലെ പ്രധാന കവാടത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരെ വെട്ടിച്ച് ഒരു വശത്തെ വാതിലിലൂടെ പോലീസ് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. നാല് സ്ത്രീകളും കുട്ടികളും അടങ്ങുന്ന രണ്ടാമത്തെ സംഘം ദോഹയിൽ നിന്നുള്ള വിമാനത്തിൽ ഒരു മണിക്കൂറിന് ശേഷം സിഡ്നിയിലുമിറങ്ങി. സിഡ്നിയിൽ കനത്ത മഴയെ അവഗണിച്ചും “വെൽക്കം ഹോം” ബലൂണുകളുമായി ബന്ധുക്കൾ ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു. മാസ്ക് ധരിച്ച സ്ത്രീകളെയും കുട്ടികളെയും കനത്ത പോലീസ് സുരക്ഷയിൽ രണ്ട് വെള്ള കാറുകളിലാണ് വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റിയത്.

തിരിച്ചെത്തിയ ആർക്കെതിരെയും നിലവിൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. എന്നാൽ ഇവരുടെ സാധനസാമഗ്രികൾ പരിശോധിക്കുകയും ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ അന്വേഷണ ആവശ്യങ്ങൾക്കായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് സിറിയയിലേക്ക് പോയ ഓസ്ട്രേലിയക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. ഈ സംഘം ഭീകരസംഘടനയിൽ ചേരാൻ സ്വയം തീരുമാനിച്ചവരാണെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു.

സിഡ്നിയിൽ എത്തിയ സംഘത്തിൽ ഐസിസ് റിക്രൂട്ടറായിരുന്ന മുഹമ്മദ് സഹാബിന്റെ മാതാവ് ആമിന സഹാബ്, സഹോദരി സുമയ്യ, കസിൻ നെസ്രിൻ സഹാബ്, ഹയാം റാദ് എന്നിവരും കുട്ടികളും ഉള്ളതായാണ് വിവരം. തങ്ങളെ മകൻ ചതിച്ച് സിറിയയിൽ എത്തിക്കുകയായിരുന്നുവെന്നാണ് ആമിന മുൻപ് പറഞ്ഞിരുന്നത്. താൻ ലെബനനിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണെന്നും അറിയാതെ യുദ്ധമേഖലയിൽ അകപ്പെടുകയുമായിരുന്നു എന്നുമാണ് നെസ്രിന്റെ വാദം.

മെൽബണിൽ എത്തിയ സംഘത്തിൽ കൗസർ കാഞ്ച്, കിർസ്റ്റി റോസ്-എമിലി എന്നിവരും കുട്ടികളുമുണ്ട്. കൗസർ കാഞ്ചിന്റെ പൗരത്വം മുൻപ് റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി വിധിയിലൂടെയാണ് അത് പുനഃസ്ഥാപിക്കപ്പെട്ടത്. മടങ്ങിയെത്തിയവരിൽ മൂന്നിൽ രണ്ട് ഭാഗവും കുട്ടികളാണെന്നും അവരുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനുമാണ് രാജ്യം മുൻഗണന നൽകേണ്ടതെന്നും ‘സേവ് ദി ചിൽഡ്രൻ’ ഓസ്ട്രേലിയ സി.ഇ.ഓ മാറ്റ് ടിങ്ക്ലർ ആവശ്യപ്പെട്ടു. താൽക്കാലിക വിലക്ക് (Temporary Exclusion Order) കാരണം സിറിയയിൽ തുടരേണ്ടി വന്ന അവശേഷിക്കുന്ന ഓസ്ട്രേലിയൻ യുവതിയെയും മകളെയും മടങ്ങിവരാൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *