ആയിരക്കണക്കിന് വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി പ്രമുഖ ട്രാവൽ കമ്പനി പൂട്ടി; പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ലക്ഷക്ക ണക്കിന് രൂപ നഷ്ടത്തിൽ

മെൽബൺ: ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ടൂർ പാക്കേജ് കമ്പനിയായ ‘എ.വി.ജി ട്രാവൽസ്’ (AVG Travels) സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അപ്രതീക്ഷിതമായി പ്രവർത്തനം നിർത്തിവെച്ചു. ഇതോടെ കമ്പനി വഴി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്തിരുന്ന ആയിരക്കണക്കിന് ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിലായി. കമ്പനി പൂർണ്ണമായും ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ, പണം നഷ്ടപ്പെട്ട സാധാരണക്കാരായ യാത്രക്കാർക്ക് അത് തിരികെ ലഭിക്കാനുള്ള സാധ്യതയും മങ്ങി.

ചൈനയിലേക്ക് യാത്ര ബുക്ക് ചെയ്തിരുന്ന പേൾ റോഡ്രിഗസ് എന്ന ഉപഭോക്താവ് ഇന്ന് മെൽബണിലെ കമ്പനിയുടെ പ്രധാന ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് പൂർണ്ണമായും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഓഫീസിന്റെ വാതിലിൽ ‘മഗ്രാത്ത് നിക്കോൾ റീസ്ട്രക്ചറിങ്’ കമ്പനിയുടെ സാമ്പത്തിക ചുമതലകൾ ഏറ്റെടുത്തതായുള്ള അറിയിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ആളുകളുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കമ്പനി ഇങ്ങനെ ഇല്ലാതാക്കിയതെന്നും കടുത്ത ചതിയാണിതെന്നും അവർ പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമമായ ‘എ കറന്റ് അഫയറിനോട്’ പ്രതികരിച്ചു.

അതേസമയം, എ.വി.ജി ട്രാവൽസ് വഴി നിലവിൽ വിദേശരാജ്യങ്ങളിൽ ടൂറിലുള്ള യാത്രക്കാർ നാട്ടിൽ തിരിച്ചെത്താൻ കഴിയുമോ എന്ന ഭീതിയിലാണ്. കമ്പനി മുൻകൂട്ടി പണം നൽകാത്തതിനെത്തുടർന്ന് ശ്രീലങ്കൻ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയതായും, മാലദ്വീപിലെ താമസസൗകര്യത്തിനായി സ്വന്തം കയ്യിൽ നിന്നും വീണ്ടും പണം നൽകേണ്ടി വന്നതായും ലിൻഡ എന്ന യാത്രക്കാരി വെളിപ്പെടുത്തി. ഒടുവിൽ ടൂർ ഗൈഡ് സ്വന്തം കയ്യിൽ നിന്നും പണം നൽകിയാണ് തങ്ങളുടെ യാത്രാസംഘത്തിന് താൽക്കാലികമായി ടിക്കറ്റും താമസവും ശരിയാക്കിത്തന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചകളിൽ ചൈനയിലേക്കുള്ള നൂറുകണക്കിന് യാത്രകൾ അവസാന നിമിഷം കമ്പനി റദ്ദാക്കിയിരുന്നു. മുപ്പത് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് കമ്പനി പ്രസ്താവന ഇറക്കിയതിനെത്തുടർന്ന് ഓഫീസിൽ നേരിട്ടെത്തി ബഹളം വെച്ച ചില ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിച്ചെങ്കിലും ഭൂരിഭാഗം പേരെയും ജീവനക്കാർ മടക്കി അയക്കുകയായിരുന്നു.

മേയ് 26 മുതൽ കമ്പനിയുടെ ലിക്വിഡേറ്റർമാരായി ‘മഗ്രാത്ത് നിക്കോൾ’ പങ്കാളികളായ മാർക്ക് ഹോള ണ്ടിനെയും മാത്യു ഹട്ടനെയും നിയമിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. കമ്പനിയുടെ പ്രവർത്തനം പൂർണ്ണമായി താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും, വരും ദിവസങ്ങളിൽ യാത്ര ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കളെയും നേരിട്ട് ബന്ധപ്പെടുമെന്നും ലിക്വിഡേറ്റർമാർ അറിയിച്ചു. കമ്പനി പൂർണ്ണമായും പൂട്ടിപ്പോയ സാഹചര്യത്തിൽ സാധാരണക്കാരായ ഉപഭോക്താക്കൾ ‘അൺസെക്യൂർഡ് ക്രെഡിറ്റേഴ്സ്’ ആകുന്നതിനാൽ ഇവർക്ക് പണം തിരികെ ലഭിക്കാനുള്ള മുൻഗണന ഏറ്റവും അവസാനമായിരിക്കുമെന്ന് ട്രാവൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *