ഓസ്‌ട്രേലിയയിൽ ജനങ്ങൾക്ക് ആശ്വാസമായി വൈദ്യുതി നിരക്കുകൾ കുറയുന്നു; ജൂലൈ 1 മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ

മെൽബൺ: ജീവിതച്ചെലവ് വർദ്ധനവിൽ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ഓസ്‌ട്രേലിയൻ ജനങ്ങൾക്ക് ആശ്വാസമേകി വർഷത്തിന്റെ രണ്ടാം പകുതിയിൽ വൈദ്യുതി ബില്ലുകളിൽ കുറവുണ്ടാകുമെന്ന് പ്രഖ്യാപനം. ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്റർ പുറത്തുവിട്ട ഏറ്റവും പുതിയ ‘ഡിഫോൾട്ട് മാർക്കറ്റ് ഓഫർ’പ്രകാരം സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയ്‌ൽസ് എന്നീ സംസ്ഥാനങ്ങളിലാണ് നിരക്കുകളിൽ കാര്യമായ കുറവുണ്ടാകുക. പുതുക്കിയ നിരക്കുകൾ ഈ വർഷം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ പ്രഖ്യാപനമനുസരിച്ച് ന്യൂ സൗത്ത് വെയ്‌ൽസിലെ ഗാർഹിക ഉപഭോക്താക്കൾക്ക് 3.4 മുതൽ 5 ശതമാനം വരെ വൈദ്യുതി നിരക്ക് കുറയും. ഇത് വഴി സാധാരണക്കാരായ താമസക്കാർക്ക് വർഷത്തിൽ 66 ഡോളർ മുതൽ 137 ഡോളർ വരെയുള്ള ലാഭമുണ്ടാകും. സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാൻഡിൽ നിരക്കുകളിൽ 7.2 ശതമാനത്തിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഇവിടുള്ളവർക്ക് ബില്ലിൽ ശരാശരി 155 ഡോളറിന്റെ കുറവുണ്ടാകും. എന്നാൽ ഈ പ്രവണതയ്ക്ക് വിപരീതമായി സൗത്ത് ഓസ്‌ട്രേലിയയിൽ നിരക്കുകളിൽ 1.4 ശതമാനം (ഏകദേശം 33 ഡോളർ) വർദ്ധനവുണ്ടാകും.

അതേസമയം, മൂന്ന് മേഖലകളിലെയും ചെറുകിട ബിസിനസ്സ് സംരംഭകർക്ക് ഈ ഇളവുകൾ വലിയ ആശ്വാസ മാകും. ചെറുകിട ബിസിനസ്സുകളുടെ വൈദ്യുതി നിരക്കിൽ ന്യൂ സൗത്ത് വെയ്‌ൽസിൽ 9 മുതൽ 11.3 ശതമാനം വരെയും (432 – 705 ഡോളർ), സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാൻഡിൽ 10.4 ശതമാനവും (445 ഡോളർ), സൗത്ത് ഓസ്‌ട്രേലിയയിൽ 6.8 ശതമാനവും (379 ഡോളർ) ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിക്ടോറിയ സംസ്ഥാനത്തും സാധാരണ പ്ലാനുകളിൽ 3 മുതൽ 8 ശതമാനം വരെ കുറവുണ്ടാകുമെന്നും ഇത് വഴി ഒരു ശരാശരി കുടുംബ ത്തിന് വർഷത്തിൽ 84 ഡോളർ വരെ ലാഭിക്കാമെന്നും കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി തുടരുന്നുണ്ടെങ്കിലും, വിപണിയിലെ മൊത്തവ്യാപാര നിരക്കുകളിൽ ഉണ്ടായ കുറവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചെലവുകൾ പകുതിയോളം കുറഞ്ഞതുമാണ് ഈ വിലക്കുറവിന് കാരണമായതെന്ന് പ്രമുഖ ഗവേഷണ ഏജൻസിയായ കാൻസ്റ്റാർ (Canstar) ചൂണ്ടിക്കാണിക്കുന്നു.

ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ വരുന്നതിനൊപ്പം ‘സോളാർ ഷെയറർ ഓഫർ’ (Solar Sharer Offer) എന്ന പുതിയ പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്ക് ഉച്ചസമയത്ത് തുടർച്ചയായി മൂന്ന് മണിക്കൂർ തികച്ചും സൗജന്യമായി വൈദ്യുതി ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും. വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, ഇലക്ട്രിക് വാഹനങ്ങൾ (EV) ചാർജ് ചെയ്യുന്നതും, എയർകണ്ടീഷണർ ഉപയോഗിക്കുന്നതുമെല്ലാം ഈ സമയത്തേക്ക് മാറ്റുന്നതിലൂടെ ജനങ്ങൾക്ക് ബില്ലുകൾ ഇനിയും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഊർജ്ജ വിപണിയിലെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. റഗുലേറ്റർ പ്രഖ്യാപിക്കുന്ന ഈ നിരക്കുകൾ ഒരു സുരക്ഷാ മാനദണ്ഡം മാത്രമാണെന്നും, വിപണിയിലെ മറ്റ് കമ്പനികളുടെ മികച്ച പ്ലാനുകൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *